Advertisement

കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു, ഇനി മുതൽ പഴയ പേരായ ഐവര്‍കാല എന്ന് അറിയപ്പെടും

കൊല്ലം: കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവര്‍കാല എന്ന പേര് നല്‍കാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവര്‍കാല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂര്‍.

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വികാരം ഉള്‍പ്പെടെ കണക്കിലെടുത്താണ് പേരുമാറ്റം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജി അനീഷ്യ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് നിവേദനം ചര്‍ച്ചചെയ്തു. ഇതിന് പിന്നാലെ ഭരണസമിതിയിലെ 17 അംഗങ്ങളും ഏകകണ്ഠമായി പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു’- ബിനേഷ് കടമ്പനാട് പ്രതികരിച്ചു.

ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റാന്‍ നേരത്തെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നു. അന്ന് പ്രിയദര്‍ശിനി ജംഗ്ഷന്‍ എന്ന് പേരുമാറ്റാനായിരുന്നു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *