
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ച ഉണ്ടായ സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശമിലാറമിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിലെ റിയാക്ടർ സ്ഫോടനത്തെ തുടർന്നാണ് തീപിടുത്തമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് നിരവധി തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
സ്ഫോടനത്തിൽ തൊഴിലാളികൾ 100 മീറ്റർ വരെ ദൂരേക്ക് തെറിച്ച്പോയി. തീ പടരുന്നത് തുടരുന്നതിനിടെ സമീപത്തുള്ള ടെന്റുകളിൽ പലരും കുടുങ്ങി. സംഭവസ്ഥലത്ത് 11 ഫയർ എഞ്ചിനുകൾ വിന്യസിച്ചിട്ടുണ്ടെന്നും അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
സ്ഫോടനത്തെ തുടർന്ന് വൻ തീപിടുത്തമുണ്ടായി. ഇത് സ്ഥാപനത്തിന്റെ ചില ഭാഗങ്ങൾ വിഴുങ്ങുകയും ചുറ്റുമുള്ള പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. പരിക്കേറ്റ നിരവധി തൊഴിലാളികളുടെ നില ഗുരുതരമാണ്. അധികൃതർ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Leave a Reply