Advertisement

അപേക്ഷ സമര്‍പ്പിക്കാന്‍ മറന്നു പോയി, വ്യാജ ഹാള്‍ടിക്കറ്റ് നിർമ്മിച്ചു നല്കി; നീറ്റ് പരീക്ഷാ സംഭവത്തിൽ കുറ്റസമ്മതം നടത്തി അക്ഷയ സെന്റർ ജീവനക്കാരി

പത്തനംത്തിട്ട: വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയാണ് പിടിയിലായത്. വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത് അക്ഷയ സെന്ററില്‍ വച്ചാണെന്ന വിലയിരുത്തലിലാണ് നടപടി.

വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത് താനാണെന്ന് ഇവര്‍ സമ്മതിച്ചതായാണ് വിവരം. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മറന്നു പോയെന്നും ഇതോടെ വ്യജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കുകയുമായിരുന്നു എന്നാണ് ഇവരുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് നടപടി. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാര്‍ഥിക്ക് എതിരെയാണ് കേസ്. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളില്‍ ആണ് വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി പരീക്ഷയ്ക്ക് എത്തിയത്.

വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ ഇതേ റോള്‍ നമ്പറില്‍ തിരുവനന്തപുരത്ത് മറ്റൊരു കുട്ടി പരീക്ഷയെഴുതുന്നതായി കണ്ടെത്തിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാജ ഹാള്‍ ടിക്കറ്റമായി വന്ന വിദ്യാര്‍ത്ഥിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *