Advertisement

സിപിഎമ്മിനെതിരെ പടക്കുതിരയായി ഞാന്‍ ഉണ്ടാകും’; വിടവാങ്ങല്‍ പ്രസംഗത്തില്‍ സുധാകരന്‍

തിരുവന്തപുരം: സിപിഎമ്മിനെതിരെ പടക്കുതിരയായി താന്‍ മുന്നിലുണ്ടാകും. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേല്ക്കുന്ന ചടങ്ങിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ സുധാകരന്‍. പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഞാന്‍ അധ്യക്ഷനായ കാലയളവില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ നമുക്ക് സാധിച്ചു.

നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കി ജനങ്ങളുടെ മുമ്പില്‍ കൈകൂപ്പി വോട്ടുവാങ്ങി. അതിനൊപ്പം നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ വലിയ നേട്ടമാണ്. ചേലക്കരയിലെ സിപിഎം കോട്ടയിലെ ഭൂരിപക്ഷം കുറയ്ക്കാനും നമുക്ക് സാധിച്ചു. എന്റെ നേതൃകാലത്ത് പാര്‍ട്ടി മുന്നോട്ടേ പോയിട്ടുള്ളൂ. നേട്ടം മാത്രമാണ് ഉണ്ടാക്കിയത്. കോട്ടം ഒട്ടുമുണ്ടായിരുന്നില്ല. അത് വെട്ടിത്തുറന്നു പറയാനുള്ള നട്ടെല്ല് എനിക്കുണ്ട്. അത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. യാഥാര്‍ഥ്യബോധം കൊണ്ടാണ്’- സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗ്രൂപ്പ് കലാപങ്ങളില്ല. പ്രവര്‍ത്തകരുടെ ഐക്യമാണ് അതിനു കാരണം. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ദുഃഖമാണ്. പുതിയ ഭാരവാഹികള്‍ക്ക് അതിനു കഴിയണം. നേതൃത്വത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്‌നേഹത്തിന് നന്ദിയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

ചടങ്ങിൽ വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ സ്ഥാനാരോഹണ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *