Advertisement

മലപ്പുറത്തെ നരഭോജി കടുവയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി, രണ്ട് കുങ്കിയാനകള്‍, 50 കാമറ ട്രാപ്പുകള്‍, ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്റെ ഭാഗമാകും

മലപ്പുറം: കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിലുള്ളത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. 50 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്റെ ഭാഗമാകും.

കുങ്കി ആനകളെ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് നിലവിലെ തീരുമാനം. ഇതിനായി കുഞ്ചു എന്ന ആനയെ വ്യാഴാഴ്ച തന്നെ പ്രദേശത്ത് എത്തിച്ചു. പ്രമുഖ എന്ന ആന വെള്ളിയാഴ്ച എത്തും. മൂന്ന് കൂടുകളും കടുവയെ പിടികൂടുന്നതിനായി സ്ഥാപിക്കും. നിലവില്‍ ലഭിച്ച കാല്‍പാടുകള്‍ ഉള്‍പ്പെടെയുള്ള സൂചനകള്‍ അനുസരിച്ച കടുവ പൂര്‍ണ ആരോഗ്യവാനാണെന്നാണ് പ്രാഥമിക നിഗമനം. പ്രായപൂര്‍ത്തിയായ കടുവയാണ് എന്നും വിലയിരുത്തുന്നു. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 50 കാമറ ട്രാപ്പുകളാണ് സ്ഥാപിക്കുന്നത്.

ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലെ റബ്ബര്‍ തോട്ടത്തില്‍വെച്ചാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെ കടുവ ഗഫൂറിന്റെ ആക്രമിച്ച് കഴുത്തില്‍ കടിച്ച് ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *