
കോഴിക്കോട്: പുറംകടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ മാര്‍ഗരേഖ പ്രകാരം ക്ലാസ് 6.1ല്‍ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ട്. 20 കണ്ടെയ്‌നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്‌നറില്‍ 27,786 കിലോഗ്രാം ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് എന്ന മറ്റൊരു കീടനാശിനിയുമാണ് ഉള്ളത്.
ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാമെതിലിന്‍ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയര്‍ത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നും കാര്‍ഗോ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു. പരിസ്ഥിതിക്കു ഭീഷണിയുയര്‍ത്തുന്ന ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോ ബെന്‍സീന്‍, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയുമുണ്ട്. 40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്.
19 കണ്ടെയ്‌നറുകളില്‍ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്‌നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്‌നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, 4 കണ്ടെയ്‌നറുകളില്‍ പാരാ ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുമുണ്ട്. വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുമുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ക്ലാസ് 4.2ല്‍ ആണ് ഇതു വരുന്നത്.
Leave a Reply