
കൊച്ചി: ചരക്ക് കപ്പൽ എം എസ് സി എൽസ- 3 മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകാൻ കഴിയില്ലെന്ന് കപ്പൽ കമ്പനി അറിയിച്ചു. കേരളതീരത്ത് ഉണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ കണക്കിലെടുത്ത് 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി കേരളം ആവശ്യപ്പെട്ടത്. എന്നാൽ, അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപരിഹാരമായി നൽകാനാകില്ലെന്ന് കപ്പൽ ഔദ്യോഗികമായി അറിയിച്ചു.
നിലവിൽ എത്ര തുക കെട്ടിവയ്ക്കാൻ കഴിയും എന്നറിയിക്കണമെന്ന് ഹൈക്കോടതി കമ്പനിയോട് നിർദേശിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സർക്കാർ ഫയൽ ചെയ്ത അഡ്‌മിറാലിറ്റി സ്യൂട്ട് പരിഗണിച്ച ജസ്റ്റിസ് അബ്ദുൾ ഹക്കിം വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ഇതേ കമ്പനിയുടെ അകിറ്റേറ്റ – 2 എന്ന കപ്പലിന്റെ നീക്കം തടഞ്ഞിരുന്നു.
നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിനു ശേഷം കപ്പൽ വിട്ടയച്ചാൽ മതിയെന്നാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നതുവരെ ആറ് ശതമാനം പലിശ സഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ചരിഞ്ഞ കപ്പൽ അറബിക്കടലിൽ പൂർണമായി മുങ്ങുകയും കണ്ടെയ്‌നറുകൾ കടലിൽ പതിക്കുകയും ചെയ്തിരുന്നു.













Leave a Reply