
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കേരളത്തിലെത്തും. രാത്രി പത്തുമണിയോടെ എത്തുന്ന അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് രണ്ട് പരിപാടികളിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്.
അമിത് ഷായെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപി സജ്ജീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് രണ്ട് പരിപാടികളിലാണ് അമിത് ഷാ പങ്കെടുക്കുന്നത്. നാളെ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.
മറ്റു ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതിയിലുള്ളവരും പഞ്ചായത്ത് മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും വെർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തിൽ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. വാർഡുതല നേതൃസംഗമത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം പാർട്ടി ആരംഭിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡുതല നേതൃസംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. 5000-ത്തിലധികം വാർഡുതല പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്ത് നിന്ന് മടങ്ങും. കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും. രാത്രിയോടെ ഡൽഹിയിലേക്ക് തിരിക്കും.













Leave a Reply