Advertisement

പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച, പ്രതി ഒളിപ്പിച്ച 39 ലക്ഷം രൂപ കണ്ടെടുത്തു, കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്

കോഴിക്കോട് : പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതി ഒളിപ്പിച്ച പണം കണ്ടെത്തി. ഒളിച്ച് സൂക്ഷിച്ച 39 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മുഖ്യപ്രതി ഷിബിന്‍ലാലിന്റെ വീടിന് 500 മീറ്റര്‍ മാറി പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്.

പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തുന്നത്. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.

പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ ആദ്യവാരത്തിലായിരുന്നു ബാങ്ക് കവര്‍ച്ച നടന്നത്.

മറ്റൊരു ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇസാഫ് ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *