
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മലയാളത്തിന്റെ യശസ്സ് ഉയർത്തി ഉര്‍വശിയും വിജയരാഘവനും. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിയെ തേടിയെത്തിയത്. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് പുരസ്കാരം.
പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ മികച്ച സഹനടനാക്കി. ഉര്‍വശിക്ക് പുരസ്കാരം നേടിക്കൊടുത്ത ഉള്ളൊഴുക്ക് തന്നെയാണ് മികച്ച മലയാള ചിത്രം. ഇത് കൂടാതെ സാങ്കേതിക മേഖലയില്‍ നിന്ന് രണ്ട് പ്രധാന പുരസ്കാരങ്ങളും മലയാളത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനും എഡിറ്റിംഗിനുമാണ് ഈ പുരസ്കാരങ്ങൾ.
മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം മുത്തുപേട്ടൈ സോമു ഭാസ്കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിക്കൊപ്പം ജാന്‍കി ബോഡിവാലയും (ഗുജറാത്തി ചിത്രം വഷ്) പങ്കിട്ടു.
ദേശിയ ചലച്ചിത്ര പുരസ്കാരത്തില്‍ രണ്ട് പുരസ്കാരങ്ങൾ വിവാദമായ ദി കേരള സ്റ്റോറി എന്ന ചിത്രം നേടി. സുദീപ്തോ സെന്നിന് മികച്ച സംവിധായകനുള്ള അവാര്‍ഡിനൊപ്പം മികച്ച ഛായാഗ്രഹണത്തിനും കേരള സ്റ്റോറിയെ പരിഗണിച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയ്ക്ക് പുരസ്കാരം ലഭിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഒരു മലയാള ചിത്രം നേടിയിട്ടുണ്ട്. എം കെ ഹരിദാസ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത നെകല്: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ എന്ന ചിത്രമാണ് അത്.
Leave a Reply