
സൻആ: ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂറോപ്യൻ യൂനിയൻ നാവിക സേന അറിയിച്ചു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള എറ്റേണിറ്റി സി എന്ന കപ്പലാണ് ആക്രമണത്തിനിരയായത്.
ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്ന് യെമനിലെ അമേരിക്കൻ എംബസിയും യൂറോപ്യൻ യൂനിയൻ നാവിക സേനയും പറയുന്നു. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂതികൾ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ ചരക്ക് കപ്പലുകൾക്കുനേരെ ആക്രമണങ്ങളൊന്നും കണ്ടിട്ടില്ലായിരുന്നു. ഇപ്പോൾ അവർ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു .ഞായറാഴ്ച ചെങ്കടലിൽ മാജിക് സീസ് എന്ന ചരക്കുകപ്പലിനെ ആക്രമിച്ച് മുക്കുകയും ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇസ്രായേലുമായി ബന്ധമുള്ള കമ്പനികളുടെ ഉടമസ്ഥതയിലുള്ള കപ്പലുകൾ തങ്ങളുടെ നിയമപരമായ ലക്ഷ്യമാണ് എന്ന് ഹൂതികൾ പ്രതികരിച്ചിരുന്നു. വംശഹത്യ എന്ന് മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിച്ച ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ സമ്മർദ്ദത്തിലാക്കാനാണ് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നത് എന്ന് നേരത്തെ തന്നെ ഹൂതികൾ വ്യക്തമാക്കിയതാണ്.
Leave a Reply