
ആലക്കോട്: വായാട്ടുപറമ്പിലെ പൂട്ടിയിട്ട വീടിന് സമീപത്തെ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും കൈകാലുകളുടെ അസ്ഥികളും കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് കുളത്തിനാൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽനിന്നാണ് ഇവ കണ്ടെത്തിയത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും മനുഷ്യന്റേതാണെന്നാണ് പ്രാഥമിക നിഗമനം. കാട് വെട്ടിതെളിയിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. പ്രവാസിയായ ബിജുവും കുടുംബവും ഒരു വർഷമായി വിദേശത്താണ്. അടുത്താഴ്ച തിരികെ വരാനിരിക്കെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് വീടിന്റെ പിൻഭാഗത്തായി പല സ്ഥലങ്ങളിൽ നിന്നും അസ്ഥികൾ കണ്ടെത്തുന്നത്.
ഞായറാഴ്ച നടത്തിയ തിരച്ചിലിൽ സ്ഥലത്തുനിന്ന് നട്ടെല്ല്, വാരിയെല്ലുകൾ, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികൾ, കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷർട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷർട്ടിന്റെ കീശയിൽനിന്ന് പച്ചനിറത്തിലുള്ള ചെറിയ നീളൻ ചീർപ്പ്, ചുണ്ണാമ്പിന്റെ ചെറിയ കുപ്പി, മടക്കിവെച്ച രീതിയിൽ നോട്ടുകൾ, പഴയ മോഡൽ മൊബൈൽ ഫോൺ എന്നിവയും ലഭിച്ചു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
Leave a Reply