കൊല്ലം: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഇര ദിവ്യ ജോണി വിടപറഞ്ഞു. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ദിവ്യ കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്.
സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. ദിവ്യ ജോണിയെക്കുറിച്ച് അങ്ങനെയാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് ദിവ്യ സ്വന്തം ജീവിതം തുറന്നു പറഞ്ഞപ്പോള്‍, കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോടുള്ള വെറുപ്പ് സഹതാപമായി മാറി. അതിലുപരി പ്രസവാനന്തരം സ്ത്രീകള്‍ കടന്നുപോവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന മെഡിക്കല്‍ അവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ദിവ്യ നിമിത്തമായി. ഇപ്പോള്‍ പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്കു വിട വാങ്ങിയിരിക്കുകയാണ് ഈ കുണ്ടറ കാഞ്ഞിരംകോട് സ്വദേശി, അതും കാത്തിരുന്ന ജോലി കൈപ്പിടിയിലാകും മുമ്പേ.
ആറുമാസം ഗര്‍ഭിണിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ദിവ്യ പിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്കോടെ മലപ്പുറം ജില്ലയിലെ എല്‍പി യുപി അധ്യാപക തസ്തികയില്‍ നിയമനത്തിന് കാത്തിരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിസി അടക്കം നിരവധി തസ്തികയുടെ ലിസ്റ്റിലും ഉള്‍പ്പെട്ടു.
കേരള സര്‍വകലാശാലയില്‍നിന്ന് ഗണിതത്തില്‍ മികച്ച റാങ്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ ദിവ്യയ്ക്ക് 2019ല്‍ അമ്മ മരിച്ചതോടെ ചെറിയ മാനസ്സിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 2020ല്‍ വിവാഹിതയായ ദിവ്യ 2021ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തെ തുടര്‍ന്നുണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്ന് നൂലുകെട്ട് ചടങ്ങിന്റെയന്ന് ആത്മഹത്യാശ്രമം നടത്തി.
രണ്ടുമാസം കഴിഞ്ഞ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചു. ഉടന്‍ മാനസ്സിക നില വീണ്ടെടുത്ത് കുഞ്ഞിനെ രക്ഷിച്ചെങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയമായ ഇവര്‍ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് അടുത്തിടെ വീണ്ടും ആത്മഹത്യാശ്രമം നടത്തിയത്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും കഴിഞ്ഞ ദിവസം ഹൃദയസ്തംഭനമുണ്ടായി. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് 19ന് പരിഗണിക്കാനിരിക്കെയാണ് മരണം.
Leave a Reply