Advertisement

ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസ്; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

തൃശ്ശൂർ: ചാലക്കുടി പോട്ടയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് പിടികൂടിയ പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ കേസിൽ ഒന്നാംപ്രതിയായ നാരായണദാസ് ഒളിവിൽ പോവുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നതിനായ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഷീലാ സണ്ണീക്കെതിരെ നടന്ന ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *