
ആലുവ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ എറണാകുളം ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി. അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നുവിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്.
ഇതേത്തുടർന്ന് പിതൃ തർപ്പണച്ചടങ്ങുകൾ കരയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് ക്ഷേത്രം മുങ്ങുന്നത്. കഴിഞ്ഞ 16നും ആലുവ ശിവക്ഷേത്രം പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു.
പെരിയാറിന്റെ കരയിലുള്ള വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ടുകൾ തുറന്നതിനൊപ്പം എറണാകുളം ജില്ലയിൽ പെയ്യുന്ന കനത്ത മഴയും ജലനിരപ്പ് ഉയരാൻ കാരണമായി. ജില്ലയിൽ യെലോ അലേർട്ടാണുള്ളത്. മലയോര മേഖലകളിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.













Leave a Reply