
ബിർമിങ്ഹാം: അഞ്ചാംദിനത്തിന്റെ ആദ്യ രണ്ടുമണിക്കൂറും കൊണ്ടുപോയ മഴക്കും ഇന്ത്യയുടെ ജയം തടയാനായില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 337 റൺസിന് ജയിച്ച ഇന്ത്യ എഡ്ജ്ബാസ്റ്റൺ മൈതാനത്ത് പുതുചരിത്രമെഴുതി. 1967 മുതൽ എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് കളിക്കുന്ന ഇന്ത്യയുടെ ആദ്യജയമാണിത്. ജയത്തോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ (1-1) ഒപ്പമെത്തി. സ്കോർ ഇന്ത്യ : 587 & 427/6d, ഇംഗ്ലണ്ട് : 407 & 271.
അഞ്ചാം ദിനം ഏഴു വിക്കറ്റ് കൈയിലിരിക്കെ 536 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിന് ഇന്ത്യൻ പേസർ ആകാശ് ദീപ് കടുത്ത പ്രഹരമാണ് നൽകിയത്. റൺസ് കൂട്ടിച്ചേർക്കും മുൻപേ ഓലി പോപിനെയും (24) തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിനെയും (23) മടക്കിയ ആകാശ് ദീപ് കളി ഇന്ത്യൻ ട്രാക്കിലേക്ക് മാറ്റി.
തുടർന്ന് ബെൻ സ്റ്റോക്സും ജാമീ സ്മിത്തും ചേർന്ന് സ്കോറുയർത്തിയെങ്കിലും 33 റൺസിൽ നിൽക്കെ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദർ എൽ.ബിയിൽ കുരുക്കി. ഏഴു റൺസെടുത്ത ക്രിസ് വോക്സ് പ്രസിദ്ധ് കൃഷ്ണക്ക് വിക്കറ്റ് നൽകി മടങ്ങി. ഒരു വശത്ത് ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജാമി സ്മിത്ത് ടീം സ്കോർ 200 കടത്തി. 99 പന്തിൽ 88ൽ നിൽക്കെ ജാമി സ്മിത്തിനെ ആകാശ് ദീപ് സുന്ദറിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ ചെറുത്ത് നിൽപ് ഏറെകുറേ അവസാനിച്ചു.
രണ്ടു റൺസെടുത്ത് ജോഷ് ടങ്കും 38 റൺസെടുത്ത ബ്രൈഡൻ കാർസും വീണതോടെ 271 റൺസിൽ അവസാനിച്ചു. 12 റൺസുമായി ഷുഹൈബ് ബഷീർ പുറത്താകാതെ നിന്നു. ആകാശ് ദീപ് ആറും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജദേജ, വാഷ്ങ്ടൺ സുന്ദർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
Leave a Reply