Advertisement

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാന്‍ വെടിവയ്പ്പ്: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാന്‍ വെടിവയ്പ്പ്. ശക്തമായ തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. നിലവിൽ ആർക്കും പരിക്കില്ല.

വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ പലയിടത്തും പാക് വെടിവയ്പ്പ് ഉണ്ടായിരുന്നു. ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ജില്ലയിലെ കുൽനാർ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചിൽ നടത്തിയത്.

സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് തെരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കശ്മീരിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനും തീരുമാനമായിട്ടുണ്ട്. കശ്മീരിലെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനും മറ്റുമായി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നത തലയോഗവും ചേരും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പിർ പഞ്ചാൽ മേഖലയിലും ഭീകരർക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണ്. അതിനായി അനന്ത്നാഗ് അഡിഷണൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തേയും ജമ്മുകശ്മീ‍ർ പൊലീസ് നിയോ​ഗിച്ചിട്ടുണ്ട്.

എൻഐഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന ബൈസരൺവാലിയിൽ നിന്ന് ഫൊറൻസിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അതിൽ ഒരു ജവാൻ വിരമൃത്യു വരിച്ചിരുന്നു. 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *