
പത്തനംതിട്ട: സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കില്‍ വലഞ്ഞ് ജനം. പലയിടത്തും സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞു. ഇതിനിടെ ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ് ധരിച്ചു വണ്ടി ഓടിച്ചത്. സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ഡ്രൈവിംഗ്. ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞു. പണിമുടക്കിനെ പിന്തുണച്ച് കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്.
എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു. കൊച്ചിയില്‍ രാവിലെ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.
കോഴിക്കോടേക്ക് പോകേണ്ട എസി ലോഫ്ലോർ ബസ് ആണ് തടഞ്ഞത്. പൊലീസ് സംരക്ഷണം നൽകിയാൽ ഓടുമെന്നായിരുന്നു ഇവരുടേയും നിലപാട്. മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട എറണാകുളം ബസ് ആണ് സിഐടിയുവിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരക്കാരെ നീക്കി ബസ് വിട്ടു. തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു.

















Leave a Reply