
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. പ്രത്യേക എൻഐഎ കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്.
രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് വൈകീട്ട് തന്നെ ജയിൽ മോചിതരാകുമെന്നാണ് പ്രതീക്ഷ.
കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി എന്നിവർക്ക് പുറമേ മൂന്നാം പ്രതി സുഖ്മാൻ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുകയും വേണം. രാജ്യം വിടുന്നതിൽ നിന്നും എൻഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.
Leave a Reply