
തിരുവനന്തപുരം ∙ വ്യാജരേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും തട്ടിയെടുത്തത് അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഒന്നരക്കോടി രൂപയുടെ വീടും വസ്തുവും. കൊല്ലം പുനലൂർ അയലമൺ ചെന്നപ്പേട്ട മണക്കാട് കോടാലി പച്ച ഓയിൽപാം പഴയ ഫാക്ടറിക്കു പുറകുവശം പുതു പറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത(76) എന്നിവരെ സംഭവത്തിൽ കന്റോൺമെന്റ് അസി.കമ്മിഷണർ സ്റ്റ്യുവർട്ട് കീലറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു
ഒന്നരക്കോടിയോളം രൂപ വിലവരുന്ന കവടിയാർ ജവഹർ നഗറിലുണ്ടായിരുന്ന വീടും വസ്തുവും ആണ് വ്യാജരേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും രണ്ടുപേരും തട്ടിയെടുത്തത്. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ പേരിലുള്ള വീടും വസ്തുവും വളർത്തുമകളായി നടിച്ച് മെറിൻ തട്ടിയെടുത്തെന്നാണ് കേസ്.
വ്യാജമായി ആധാരവും ആധാർകാർഡും നിർമിച്ച ശേഷം ഡോറയുമായി രൂപ സാദൃശ്യമുള്ള വസന്തയെ എത്തിച്ച് ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. ജനുവരിയിൽ മെറിൻ ജേക്കബ് എന്ന പേരിൽ വീട് ധനനിശ്ചയം എഴുതിയെടുത്ത ശേഷം ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വിലയാധാരം എഴുതി നൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. റജിസ്ട്രാർ ഓഫിസിലെ രേഖകൾ, വിരലടയാളം എന്നിവയുടെ പരിശോധന വഴിയാണ് പ്രതികളെ കണ്ടെത്തിയത്.













Leave a Reply