Advertisement

നാല് വയസുകാരി കല്യാണിയുടെ കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: തിരുവാങ്കുളത്തെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്യാണിയെ പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു. കളമശ്ശേരി അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കല്യാണിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി.

കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നു. കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.

അതെ സമയം, നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നത്തെ തുടർന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് പുത്തൻകുരിശ് പൊലീസിന് കുടുംബം മൊഴി നൽകിയിരുന്നു. എന്നാൽ കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചിരുന്നു എന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും രം​ഗത്തെത്തി.

ഇന്നു പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയിൽ നിന്നും മുങ്ങൽ വിദ​ഗ്ധർ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയെയും ഇരുട്ടും അവഗണിച്ചായിരുന്നു പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുഞ്ഞിനായി തെരച്ചിൽ നടത്തിയത്.

സാധാരണ ഗതിയിൽ പ്രതികൂല സാഹചര്യങ്ങളിൽ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചിൽ നടത്താറില്ല. എന്നാൽ, കാണാതായത് പിഞ്ചുകുഞ്ഞായതിനാൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും കനത്ത മഴയും ഇരുട്ടും അവഗണിച്ച് തെരച്ചിൽ തുടരുകയായിരുന്നു.

തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മ സന്ധ്യയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കുട്ടിയെ കാണാതായെന്ന് ആദ്യം പൊലീസിന് മൊഴി നൽകിയ അമ്മ, ഉപേക്ഷിച്ചതാണെന്ന് പിന്നീട് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തു വരെ കുട്ടിയുമായി അമ്മ വന്നുവെന്നാണ് വിവരത്തെ തുടർന്ന് ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *