
ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച നടത്തും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും.
കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി പരമ്പരയിലെ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം വലിയ പ്രതീക്ഷ നൽകുന്നു.
അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും ഓഫീസിൽ നിന്നറിയിച്ച കുറിപ്പിൽ പറയുന്നു.
കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്കുന്നത്.












Leave a Reply