Advertisement

പഹല്‍ഗാം ഭീകരാക്രമണം, കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് കണ്ണീരോടെ വിട നല്‍കി നാട്

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന് കണ്ണീരോടെ വിട നല്‍കി നാട്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദര്‍ശനത്തിനായി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എംഎല്‍എ, കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അര്‍പ്പിച്ചു. രാമചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് സാധാരണക്കാരും ചങ്ങമ്പുഴ പാര്‍ക്കിലേക്ക് ഒഴുകിയെത്തി.

മകള്‍ ആരതി, മകന്‍ അരവിന്ദ്, ഭാര്യ ഷീല എന്നിവര്‍ രാമചന്ദ്രന്റെ മൃതദേഹത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആദരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. വീട്ടില്‍ വച്ച് രാമചന്ദ്രന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പൊലീസ് ആദരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഇടപ്പള്ളി ശ്മശാനത്തിലാണ് എന്‍ രാമചന്ദ്രന്റെ സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *