
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാർ അടിയന്തരമായി ഇടപെടണം സുപ്രീംകോടതിയില്‍ ഹര്‍ജി. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുനത്. ദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചാല്‍ മാപ്പു നല്‍കാമെന്ന് ശരീ അത്ത് നിയമത്തില്‍ പറയുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്താനായി നയതന്ത്ര മാര്‍ഗത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആണ് ഹര്‍ജി, ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മാല്‍ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ മെന്‍ഷന്‍ ചെയ്തത്. എന്തിനാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു. നിമിഷപ്രിയ മലയാളി നഴ്‌സാണ്. ജോലി തേടി യെമനില്‍ പോയതാണ്. അവിടുത്തെ ഒരാള്‍ നിമിഷപ്രിയയെ നിരന്തരം ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് അയാള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.
ഹര്‍ജി ഈ മാസം 14 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ ഈ മാസം 16 ന് നിമിഷപ്രിയയെ തൂക്കിലേറ്റാന്‍ യെമന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നയതന്ത്ര ഇടപെടല്‍ നടത്താന്‍ രണ്ടു ദിവസം മാത്രം മതിയാകില്ല. അതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്നോ നാളെയോ ഹര്‍ജി പരിഗണിക്കണമെന്നും അഭിഭാഷകനായ ആര്‍ ബസന്ത് കോടതിയോട് ആവശ്യപ്പെട്ടു. യെമന്‍ പൗരനായ തലാല്‍ അബ്ദോ മഹാദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് യെമന്‍ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.
Leave a Reply