
തിരുവനന്തപുരം : അധികൃതരുടെ അനാസ്ഥയുടെ ഇരയായി വെറും പതിമൂന്നുകാരൻ ജീവൻ നഷ്ടപെട്ട സംഭവത്തിൽ സഹായത്തിന്റെ കണക്കുകൾ നിരത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കരിങ്കൊടി കാണിക്കുന്നവരൊന്നും ഒരു രൂപ പോലും മിഥുന്റെ കുടുംബത്തിന് കൊടുക്കാൻ തയാറായോയെന്ന് ചോദിച്ച മന്ത്രി സർക്കാർ നൽകിയ സഹായത്തിന്റെ കണക്കുകൾ വിശദീകരിച്ചു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് ഷോക്കേറ്റ് മരിച്ചത്. അപകടം ഉണ്ടായപ്പോൾ തന്നെ കെ എസ് ഇ ബി അഞ്ച് ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. വീട് വയ്ക്കുന്നതടക്കമുള്ള സഹായങ്ങൾ ഉടൻ സർക്കർ ചെയ്യും. കുടുംബത്തിനുവേണ്ടിയുള്ള സഹായം അടിയന്തരമായി തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തു. ഇതുപോലെ വേഗത്തിൽ നടപടിയെടുത്ത സർക്കാർ മുമ്പുണ്ടായിട്ടുണ്ടോ. എന്നിട്ടും കരിങ്കൊടി കാണിക്കുന്നു. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് നേതാക്കളുടെ കാറിനു മുന്നിൽ ചാടുന്നത് മറ്റൊരു രക്തസാക്ഷിയെ കൂടി സൃഷ്ടിക്കാനുള്ള ശ്രമമാണ്. – ശിവൻകുട്ടി പറഞ്ഞു.
എന്നാൽ മിഥുന്റെ മരണത്തിൽ അധികൃതരുടെ അനാസ്ഥ വ്യക്തമായിട്ടും മുഖം രക്ഷിക്കാൻ പ്രധാനാധ്യാപികയെമാത്രം ബലിയാടാക്കി. പ്രധാനാധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തപ്പോൾ പ്രധാനികളെയൊന്നും ഇതുവരെ തൊട്ടിട്ടില്ല. ത്രീഫേസ് വൈദ്യുതലൈനിന് തൊട്ടുചേർന്ന് സൈക്കിൾ ഷെഡ് നിർമിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിന്റെ വീഴ്ചയെപ്പറ്റി ഒന്നും പറയുന്നില്ല. ഉത്തരവാദികൾക്കെതിരേ ഒരു നടപടിയും ഇതുവരെ വന്നിട്ടുമില്ല. വൈദ്യുതലൈനിന് 88 സെന്റീമീറ്റർമാത്രം താഴെ എങ്ങനെ ഷെഡ് നിർമിച്ചെന്നറിയില്ല.
ഓരോവർഷവും ലൈനിൽ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും 13-കാരൻ മരിക്കുന്നതുവരെ കണ്ണടച്ചു. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഒത്തനടുവിലൂടെ നാലരമീറ്റർ ഉയരത്തിൽ വൈദ്യുതലൈൻ വലിച്ച കെഎസ്ഇബി അധികൃതരുടെ നടപടി ഗുരുതരവീഴ്ചയാണ്. മന്ത്രിതന്നെ വീഴ്ച സമ്മതിക്കുകയുംചെയ്തു. പക്ഷേ, പാപഭാരമെല്ലാം പ്രധാനാധ്യാപികയുടെ ചുമലിൽെവച്ച് കൈയൊഴിയുകയാണ് അധികൃതർ.
Leave a Reply