
ബെംഗളൂരു: തടിയൻ്റവിട നസീറിന് സഹായം നൽകിയ ജയിൽ സൈക്യാട്രിസ്റ്റും പൊലീസുകാരനുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. തടിയൻ്റവിട നസീറിന് ജയിലിലേക്ക് ഫോൺ ഒളിച്ചു കടത്തി എത്തിച്ചു നൽകിയതിനാണ് ജയിൽ സൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലെ സൈക്കാട്രിസ്റ്റായ ഡോ. നാഗരാജ്, എഎസ്ഐ ചാൻ പാഷ, ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ എന്നിവരെയാണ് എൻഐഎ പിടികൂടിയത്. ഇവരുടെ വീടുകളിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളും പണവും സ്വർണവും നിരവധി രേഖകളും പിടിച്ചെടുത്തു.
ജയിൽ കേന്ദ്രീകരിച്ച് തടിയന്റവിട നസീർ ലഷ്കർ സ്ലീപ്പർ സെൽ രൂപീകരിക്കാൻ ശ്രമിച്ചെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. വിവിധ കേസുകളിൽ പെട്ട് ജയിലിൽ എത്തുന്ന യുവാക്കളെ ഇയാൾ ഭീകരവാദത്തിലേക്ക് ആകർഷിച്ചിരുന്നു എന്നും സ്ഥിരികരിച്ചിരുന്നു. ബെംഗളൂരു നഗരത്തിൽ അഞ്ച് ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
രാജ്യത്ത് വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നെന്നും എൻഐഎ വ്യക്തമാക്കി. ആക്രമണം ആസൂത്രണം ചെയ്യാൻ തടിയന്റവിട നസീറിന് ജയിലിനുള്ളിൽ നാഗരാജാണ് ഫോൺ എത്തിച്ച് നൽകിയത് . ഡോക്ടർ കൊണ്ടുവരുന്ന ഫോൺ എഎസ്ഐ വഴിയാണ് നസീറിന്റെ കൈകളിൽ എത്തിയിരുന്നത്.
Leave a Reply