Advertisement

ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടന്‍; കരാറില്‍ ഏര്‍പ്പെടുന്നതിന് അരികിലെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ‘യുകെയുമായി ഞങ്ങള്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടു.ചൈനയുമായും ഞങ്ങള്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടു. ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിന് അരികിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മറ്റുള്ളവരുമായി, ഞങ്ങള്‍ക്ക് ഒരു കരാറില്‍ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. അതിനാല്‍ ഞങ്ങള്‍ അവര്‍ക്ക് ഒരു കത്ത് അയയ്ക്കുക മാത്രമാണ് ചെയ്യുന്നത്,’- ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.

അമേരിക്ക ഇപ്പോഴും വ്യാപാരത്തിന് തുറന്നിരിക്കുന്നുവെന്നും എന്നാല്‍ അത് കൂടുതല്‍ ന്യായവും സന്തുലിതവുമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഉല്‍പ്പാദനം യുഎസ് മണ്ണിലേക്ക് മാറ്റുന്ന വിദേശ നിര്‍മ്മാതാക്കള്‍ക്ക് ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ താരിഫ് നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് പതിനാല് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് അയച്ച കത്തുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു.

അതിനിടെ ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി കൊണ്ടാണ് പുതിയ താരിഫ് പ്രഖ്യാപിച്ചത്. സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ഓഗസ്റ്റ് ഒന്നുവരെ സമയപരിധി നീട്ടിയത്. 25 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്.

ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുവയാണ് ചുമത്തിയത്. അമേരിക്കയുമായുള്ള വ്യാപാര കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് തീരുവ എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മ്യാന്‍മര്‍, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, മലേഷ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ബോസ്‌നിയ, ഹെര്‍സഗോവിന, ബംഗ്ലാദേശ്, സെര്‍ബിയ, കംബോഡിയ, തായ്ലന്‍ഡ് എന്നി പന്ത്രണ്ട് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്താന്‍ പോകുന്ന തീരുവയും അമേരിക്ക പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *