Advertisement

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൃത്യമായ ഇടപെടൽ, കുവൈറ്റിൽ കുടുങ്ങിയ മലയാളി വനിതയെ മോചിപ്പിച്ചു

ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൃത്യമായ ഇടപെടൽ, കുവൈറ്റിൽ കുടുങ്ങിയ മലയാളി വനിതയെ മോചിപ്പിച്ചു. രാമക്കൽമേട് പടിഞ്ഞാറ്റേതിൽ ജാസ്‌മിൻ മീരാൻ റാവുത്തറാണ് കുവൈത്തിലെ വീട്ടുതടങ്കലിൽ ദിവസങ്ങളോളം കുടുങ്ങികിടന്നത്. ജാസ്‌മിൻ്റെ സുഹൃത്തായ നെടുങ്കണ്ടം സ്വദേശി ലിഷ ജോസഫ് നൽകിയ പരാതിയാണ് മോചനത്തിനിടയാക്കിയത്.

നാലുമാസം മുൻപാണ് ജാസ്‌മിൻ കണ്ണൂർ സ്വദേശിയായ ഏജൻ്റ് വഴി കുവൈറ്റിലെത്തിയത്. കണ്ണൂർ സ്വദേശി മൻസൂറാണ് ജാസ്‌മിൻ്റെ കുവൈറ്റിലെ ജോലിക്കായി വിസയും മറ്റ് കാര്യങ്ങളും ശരിയാക്കി നൽകിയത്. കുവൈറ്റിലെ ഒരു വീട്ടിൽ ജോലിക്ക് കയറിയ ജാസ്‌മിൻ അവിടെ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്.പീഡനങ്ങൾ സഹിക്കാൻ വയ്യാതെ, ജോലിയിൽ നിന്ന് പിൻമാറണമെന്ന് പലതവണ അപേക്ഷിച്ചിട്ടും ജാസ്‌മിനെ ഏജൻസിക്കാർ കയ്യൊഴിഞ്ഞു.

പ്രധാനമായും മൂന്ന് പേരുമായാണ് ജോലിയുമായി ജാസ്‌മിനോട് ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നത്. ഇവരെ ആരെയും ജാസ്‌മിനോ സുഹൃത്ത് ലിഷക്കോ നേരിട്ടോ മുൻപരിചയമോ ഉണ്ടായിരുന്നില്ല. ജാസ്‌മിൻ്റെ നിരന്തരമുള്ള ആവശ്യം ഇവർ അവഗണിച്ചു. പിന്നീട് ജാസ്‌മിൻ്റെ ഫോൺ കോളുകൾക്കും മറുപടി കൊടുക്കാതെയായി. മറ്റ് വഴികളില്ലായിരുന്ന ഇവർ ജോലിക്ക് നിന്ന വീട്ടിൽ നിന്നും ഏജൻസിയിലേക്ക് പോയി. ഏജൻസിക്കാരും വേണ്ട നടപടി സ്വീകരിച്ചില്ല.

ജാസ്‌മിൻ്റെ ഫോൺ വാങ്ങിവെയ്‌ക്കുകയും ദിവസങ്ങളോളം പട്ടിണിയിൽ കഴിയേണ്ടിയും വന്നിട്ടുണ്ട് ജാസ്‌മിന് അവിടെ. ആഹാരവും വെള്ളവുമില്ലാതെ 27 ദിവസം അതിക്രൂര പീഡനം നേരിട്ടതായി ജാസ്‌മിൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസം 15ന് നാട്ടിലുള്ള സുഹൃത്തായ ലിസയോട് ജാസ്‌മിൻ ഫോണിലൂടെ ദുരിതം അറിയിച്ചു. ജാസ്‌മിനെ തിരികെ എത്തിക്കാൻ ലിസ പലതരത്തിൽ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടത്. സുരേഷ് ഗോപിയുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് ജാസ്‌മിന് നാട്ടിൽ തിരിച്ചെത്താൻ സാധിച്ചതെന്ന് ലിഷ പറഞ്ഞു. കണ്ണൂരിലെ ഏജൻ്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജാസ്‌മിനും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *