
ന്യൂയോര്‍ക്ക്: ദക്ഷിണ ചൈനാ കടലിൽ യുഎസ് നേവിയുടെ ഹെലികോപ്റ്ററും ഫൈറ്റര്‍ ജെറ്റും തകർന്നുവീണു. യുഎസ് നേവിയുടെ പസഫിക് ഫ്ലീറ്റ് ഇക്കാര്യം തിങ്കളാഴ്‌ച സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്‌റ്ററിലും ഫൈറ്റര്‍ ജെറ്റിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പസഫിക് ഫ്ലീറ്റ് ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ അറിയിച്ചു.
പതിവ് പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടമെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു. എല്ലാ ജീവനക്കാരേയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും യുഎസ് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം തന്ത്രപ്രധാനമായ സമുദ്രമേഖലയില്‍ നടന്ന രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പതിവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ, പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:45-ഓടെയാണ് ഒരു എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഇതിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തി.
ഏകദേശം 30 മിനിറ്റിനു ശേഷം, യുഎസ്എസ് നിമിറ്റ്‌സില്‍നിന്ന് തന്നെ പുറപ്പെട്ട എഫ്/എ-18എഫ് സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനവും തകര്‍ന്നു വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും വിമാനത്തില്‍ നിന്ന് പുറത്തുചാടുകയും അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തതായി നാവികസേന അറിയിച്ചു.
60 മില്യണ്‍ ഡോളറാണ് ( ഏകദേശം 528 കോടി രൂപ) എഫ്/എ-18 യുദ്ധവിമാനത്തിന് വിലവരുന്നത്. ഈ വര്‍ഷം യുഎസ് നാവികസേനക്ക് ഇത് നാലാമത്തെ എഫ്/എ-18 യുദ്ധ വിമാനമാണ് നഷ്ടപ്പെടുന്നത്. അതിലൊന്ന് ചെങ്കടലില്‍വെച്ച് വിമാനവാഹിനി കപ്പലില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഓഗസ്റ്റില്‍ പരിശീലന പറക്കലിനിടെ ഒരു വിമാനം തകര്‍ന്നുവീണു. മറ്റൊന്ന് ലാന്‍ഡിങ് സിസ്റ്റത്തില്‍ തകരാറുണ്ടായതായും യുഎസ് നാവികസേന അറിയിച്ചു.













Leave a Reply