
ഡൽഹി: ധർമ്മസ്ഥലയിൽ നൂറോളം മൃതദേഹങ്ങൾ മറവ് ചെയ്തുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗങ്ങൾ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞു. ഇവയിൽ അഞ്ചെണ്ണം പല്ല് , ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല് എന്നിവയാണ്. ബാക്കിയുള്ളവ പൊട്ടിയ നിലയിൽ ഉള്ള അസ്ഥിഭാഗങ്ങളാണ്. തിരിച്ചറിയാൻ കൂടുതൽ വിശദമായ പരിശോധന നടത്തും. ഫോറൻസിക് പരിശോധനയ്ക്കായി ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലേക്ക് അസ്ഥി ഭാഗങ്ങൾ ഇന്ന് തന്നെ അയക്കും
മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ തുടരുന്നുണ്ട്. ധർമസ്ഥലയിലെ ആറ് പോയന്‍റുകളിൽ പരിശോധന പൂർത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്‍റിൽ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തിൽ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങൾ കിട്ടിയത്.
പരിശോധന നടക്കുന്ന ഓരോ സ്ഥലത്തും ജിയോ ടാഗിംഗിന് പുറമെ, സർവേക്കല്ലുകൾക്ക് സമാനമായ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ ഭൂമിയിലും വനംവകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളിലും തിരച്ചിൽ എളുപ്പമാണെങ്കിലും, ധർമ്മസ്ഥല ട്രസ്റ്റിന്റെയോ സ്വകാര്യ വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. അത്തരം സ്ഥലങ്ങളിൽ പരിശോധന നടത്താൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
Leave a Reply