
കൊച്ചി : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം ഇന്ന് നടക്കും. മിഥുന്റെ അമ്മ സുജ മകനെ അവസാനമായി ഒരുനോക്ക് കാണാനായി നാട്ടിലെത്തി. ഇളയ കുട്ടി സുജിനെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാണ് സുജ വിമാനത്താവളത്തിന് പുറത്തെത്തിയത്.
സഹോദരിയുടെ തോളിൽ തൂങ്ങി കാറിലേക്ക് കയറുമ്പോൾ ആ അമ്മ തന്റെ കുഞ്ഞിനെ വിളിച്ച് തേങ്ങുകയായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം മിഥുൻ പഠിച്ച സ്കൂളിൽ എത്തിക്കും. കൂട്ടുകാർക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്ക് അവസാനമായി ഒരുനോക്ക് കാണാനും അന്ത്യഞ്ജലി അർപ്പിക്കാനും സ്കൂളിൽ പൊതുദർശനമുണ്ടാകും.12 മണിയോടെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വിട്ടിൽ എത്തിക്കും. വൈകീട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ 13 കാരന്റെ സംസ്കാര ചടങ്ങുകൾ നടക്കും.
തുർക്കിയിൽ ആയിരുന്ന അമ്മ സുജ രാവിലെ ഒൻപത് മണിയോടെ കൊച്ചിയിൽ എത്തും. പൊലീസിന്റെ സഹായത്തോടെയാകും കൊല്ലത്തെ വീട്ടിൽ എത്തുക. സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച തകര ഷെഡ്ഡിന്റെ മുകളിൽ നിന്നും ഷോക്കേറ്റാണ് 13 കാരന് ജീവൻ നഷ്ടമായത്. കെഎസ്ഇബിയും സ്കൂൾ മാനേജ്മെന്റിന്റെയും അനാസ്ഥയ്‌ക്കെതിരെ ജനരോഷം ശക്താണ്.
ഇതിനിടെ സ്കൂളിലെ പ്രധാനാദ്ധ്യാപികയെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമം പൊതുവിദ്യാഭ്യാസ വകുപ്പും മാനേജ്മെന്റും നടത്തി. മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈൻ ഇന്ന് കെഎസ്ഇബിയും നീക്കം ചെയ്യും. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മിഥുന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.
Leave a Reply