Advertisement

അർജന്റീനയിൽ മോദിക്ക് ഊഷ്മള സ്വീകരണം, ജാവിയർ മിലേയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും

ബ്യൂണസ് അയേഴ്‌സ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിൽ. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്യൂണസ് അയേഴ്‌സിലെത്തിയ മോദിക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം അര്‍ജന്റീന പ്രസിഡന്റ് ജാവിയർ മിലിയുമായി കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി അർജന്റീനയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ പഞ്ചരാഷ്‌ട്ര സന്ദർശനത്തിലെ മൂന്നാമത്തെ സ്ഥലമാണിത്. ലാറ്റിനമേരിക്കയിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയും ജി 20 യിൽ അടുത്ത സഹകാരിയുമാണ് അർജന്റീനയെന്നും കഴിഞ്ഞ വർഷം താൻ കണ്ടുമുട്ടിയ പ്രസിഡന്റ് ജാവിയർ മിലേയുമായുള്ള ചർച്ചകൾക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ യാത്രാ പ്രസ്താവനയിൽ പറഞ്ഞു. എസീസ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു.

ഇന്ത്യ-അർജന്റീന തന്ത്രപരമായ പങ്കാളിത്തം, സാമ്പത്തിക സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജാവിയർ മിലിയുമായി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *