
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻറെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങൾ വിശദീകരിക്കും. ഭീകരാക്രമണത്തെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും.
അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് യോഗം ചേരും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ – രാഷ്ട്രീയ സ്ഥിതിഗതികൾ യോഗം വിലയിരുത്തും. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി വ്യക്തമാക്കി.
നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.
അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ല. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Leave a Reply