
തൃശൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്ക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ അമര്‍ഷവും വേദനയും ഉണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ തൃശൂര്‍ അതിരൂപതയില്‍ എത്തിയതെന്നും എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. സംഭവമുണ്ടയാതിന് പിന്നാലെ താന്‍ വിവരം രാജീവ് ചന്ദ്രശേഖറെ വിളിക്കുകയും അദ്ദേഹം ആവശ്യമായ സഹായം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ എംപിയെയും മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും വിളിച്ചിരുന്നു.
അവരും നല്ലരീതിയില്‍ ഇടപെട്ടു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ പൗരന്മാര് എന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കഴിയുമെങ്കില്‍ ഇന്ന് തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കില്‍ മോചനം രണ്ടുദിവസം വൈകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply